ഉലുവ കയ്പ്പനെങ്കിലും ഗുണത്തിന് മുന്നില്‍

ഔഷധങ്ങളുടെ അപൂര്‍വ്വ കലവറയായ ഉലുവ, അല്‍പ്പം കയ്പ്പാണെങ്കിലും ഗുണത്തിന്‍റെ കാര്യത്തില്‍ മുന്നിലാണ്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഹൃദയത്തെ സംരക്ഷിക്കാന്‍ വളരെ നല്ലതാണ്. അതിലടങ്ങിയിരിക്കുന്ന പോളീസാക്കറൈഡ് എന്ന മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

ഉലുവ വെള്ളം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഉലുവയിലുള്ള ജലത്തില്‍ ലയിക്കുന്ന നാരുകള്‍ ആമാശയത്തില്‍ നിന്നും രക്തത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പഞ്ചസാരയുടെ തോത് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ ഇന്‍സുലിന്‍ ഉത്പാദനം കൂട്ടുന്നതിനും സഹായിക്കുന്നു.

ഉലുവയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എന്‍ കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഉലുവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയാന്‍ വളരെ നല്ലതാണ്.

ഉലുവ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരളില്‍ നിന്നും വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നു.