പ്രമേഹം നിയന്ത്രിക്കാൻ പച്ചക്കായ.!

തൊടികളില്‍ എന്നും പ്രിയപ്പെട്ടവനാണ് വാഴ. ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണയോഗ്യമായതിനാല്‍ എന്തുകൊണ്ടും ഗുണമുള്ള കാര്യമാണ് വാഴക്കൃഷി.

ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ് പച്ചക്കായ. പൊതുവെ കറികളിലും ചിപ്‌സ് ഉണ്ടാക്കാനും വറുക്കാനുമൊക്കെ ഉപയോഗിക്കുന്ന പച്ചക്കായ പല ആരോഗ്യപ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. പച്ചക്കായ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ജീവകങ്ങളുടെ കലവറ

പച്ചക്കായയില്‍ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയില്‍ ധാരാളമായുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച്‌ കാല്‍സ്യത്തിന്റെ ആഗിരണം എളുപ്പമാക്കുന്നു.

ഹൃദയാരോഗ്യത്തിന്

വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില് 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും.

പ്രമേഹം നിയന്ത്രിക്കും

പച്ചക്കായയില്‍ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 30 ആണ്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയപ്രവര്‍ത്തനങ്ങളും വളരെ സാവധാനത്തിലാകും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു. പച്ചക്കായയില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.

ശരീരഭാരം കുറയ്ക്കുന്നു

പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

ഉദരപ്രശ്‌നങ്ങള്‍ക്ക്

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അകറ്റാന്‍ നാരുകളാല്‍ സമ്ബന്നമായ പച്ചക്കായ സഹായിക്കും. പച്ചക്കായ വേവിച്ചോ ആവിയില്‍ പുഴുങ്ങിയോ ഉപയോഗിക്കുന്നതാണ് നല്ലത്. വറുക്കുമ്ബോള്‍ ഇവയുടെ കാലറി കൂടുന്നു. കായവറുത്തുപ്പേരി ഒക്കെ ഇടയ്ക്ക് കഴിക്കാം എങ്കിലും കറിവച്ച്‌ കഴിക്കുന്നതാണ് ആരോഗ്യകരം.

Leave a Reply

Your email address will not be published. Required fields are marked *