പ്രാണികളെ തുരത്താന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളാണ് ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, ബന്തി (ചെട്ടിപ്പൂവ്), ജമന്തി, പൂച്ചതുളസി, തുമ്പ, പുതിന, ലെമണ്‍ സെന്റഡ് ജെറാനിയം, യൂകാലിപ്റ്റസ്, ചിലയിനം പന്നല്‍ച്ചെടികള്‍ എന്നിവ. ഇവയെല്ലാം സ്വാഭാവിക രീതിയില്‍ കൊതുകിനെയും പ്രാണികളെയും തുരത്തുന്നവയാണ്.
സിട്രൊനെല്ലാ ഗ്രാസ് അഥവാ ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന പുല്‍ത്തൈലം (സിട്രൊനെല്ലാ ഓയില്‍) മികച്ച ഒരു ജൈവകീടനിയന്ത്രണോപാധിയാണ്. ഇഞ്ചിപ്പുല്ല് വാറ്റിയെടുത്ത തൈലം കുപ്പികളില്‍ നിറച്ച് സ്പ്രേ ചെയ്യുകയോ സാധാരണ മസ്ക്വിറ്റോ റിപ്പല്ലന്റുകള്‍ക്കു സമാനമായി കുപ്പിയില്‍ നിറച്ച് സോക്കറ്റില്‍ കുത്തിയോ ഉപയോഗിക്കാം. കര്‍പ്പൂര തുളസി, ബന്തി, കാട്ടുതുളസി തുടങ്ങിയവയെല്ലാം പ്രത്യേകതരം ഗന്ധം പുറപ്പെടുവിക്കുന്നവയാണ്. ജമന്തിയില്‍ അടങ്ങിയിരിക്കുന്ന പൈറിത്ത്രിന് എന്ന ഓര്‍ഗാനിക് കോമ്പൗണ്ടില്‍ നിന്ന് പൈറിത്രം വേര്‍തിരിച്ചാണ് ആദ്യ ബയോപെസ്റ്റിസൈഡ് ഉണ്ടാക്കിയത്.
പൂച്ചതുളസി എന്നറിയപ്പെടുന്ന, നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന കരിന്തുമ്പ മികച്ച ഒരു കൊതുകു നിയന്ത്രണോപാധിയാണ്. പൂച്ചതുളസിത്തൈലം ഉപയോഗിച്ച് കൊതുക്, ഈച്ച, ചെറുപ്രാണികള്‍ തുടങ്ങിയവയെ ഫലപ്രദമായി തുരത്താനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. കാട്ടുതുളസി രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നതിനാല് കൊതുക് ആ പരിസരത്ത് കുറവായിരിക്കും.
തുമ്പയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ചെടികള്‍ക്ക് പൊതുവേ കൊതുകുപോലുള്ള പ്രാണികളെ തുരത്താനുള്ള കഴിവ് കൂടുതലാണ്. ബന്തി, ജമന്തി തുടങ്ങിയ സൂര്യകാന്തി വിഭാഗത്തില്‍പ്പെടുന്ന ചെടികള്‍ക്കും ഈ കഴിവ് കൂടുതലാണ്.
പൊതുവേ സിട്രസ് ഗന്ധം പുറപ്പെടുവിക്കുന്നവയ്ക്ക് പ്രാണികളെ തുരത്താനുള്ള കഴിവുണ്ട്. എന്നാല്‍, ഇവയൊന്നും തന്നെ ചെടിയായി നില്‍ക്കുമ്പോഴല്ല പൂവിന്റെയും ഇലയുടെയും ചാറ് വേര്‍തിരിച്ചെടുത്ത് ബാഷ്പീകരിച്ച് അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോഴാണ് പ്രാണികള്‍ അകലുന്നത്. കര്‍പ്പൂരതുളസി, ബന്തി ഇലകള്‍ എന്നിവ കത്തിച്ചും കൊതുകുശല്യം കുറയ്ക്കാം. ബന്തിച്ചെടിക്ക് പ്രാണികളെ അകറ്റിനിര്‍ത്താനുള്ള കഴിവുള്ളതു കാരണം ഇവയെ തോട്ടത്തില്‍ ഇടയ്ക്കിടെ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.
