മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആരോഗ്യകരമായ ജീവിതത്തിനും ശരീരത്തിനും തടസം നില്ക്കുന്ന ഒന്നെന്നു വേണം, പറയാന്‍. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ഇതില്‍ ദോഷകരമായ ഭക്ഷണശീലങ്ങള്‍ മുതല്‍ വ്യായമക്കുറവും ചില രോഗങ്ങളും വരെ പെടാം. മലബന്ധം വയറിന് അസ്വസ്ഥത വരുത്തുമെന്നു മാത്രമല്ല, രോഗങ്ങളും വയര്‍ ചാടാനുള്ള വഴിയുമെല്ലാമുണ്ടാക്കും. ഇത് വര്‍ദ്ധിയ്ക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.
മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ധാരാളമുണ്ട്. നല്ല പോലെ വെള്ളം കുടിയ്ക്കുക, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക, വ്യായാമം, ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക, ദിവസവും ഒരേ സമയത്തു ടോയ്ലറ്റില് പോകാന്‍ ശ്രമിയ്ക്കുക. ഇതിനു പുറമെ മലബന്ധം മാറ്റാന്‍ സഹായിക്കുന്ന സ്വാഭാവിക വൈദ്യങ്ങളും ധാരാളമുണ്ട്. ഇത്തരം വൈദ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി.
ഇഞ്ചി മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. ഇത് സ്വാഭാവിക ലാക്സേറ്റീവായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ദഹനത്തെ ശക്തിപ്പെടുത്താനും വിശപ്പു കൂട്ടാനുമെല്ലാം ഇഞ്ചി ഏറെ ഉത്തമവുമാണ്. 100 ഗ്രാം ഇഞ്ചിയില്‍ 14.1 ഗ്രാം സോലുബിള്‍ ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലത്തെ അയച്ച് ശോധന മെച്ചപ്പെടുത്തും. ഇതിലെ കെമിക്കലുകള്‍ കുടലിന്റെ ചലനങ്ങളെ, അതായത് ചുരുങ്ങാനും വികസിയ്ക്കാനുമെല്ലാം വഴിയൊരുക്കുന്നു. ഇതും നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തിന് ചൂടു നല്‍കിയാണ് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതും. ഗ്യാസ് കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്.വയറിന്റെ ആവരണത്തെ സുഖപ്പെടുത്തുന്നതു വഴിയും ശോധന നന്നായി നടക്കാന്‍ ഇഞ്ചി സഹായിക്കും. നല്ല ദഹനത്തിനു സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
മലബന്ധത്തിനു പരിഹാരമായി പല തരത്തിലും ഇഞ്ചി ഉപയോഗിയ്ക്കാം. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന സിംപിള്‍ വഴികളാണ് പലതും ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഇഞ്ചിയിലൂടെ ശോധന മെച്ചപ്പെടുത്തൂ.
ഇഞ്ചിയും നാരങ്ങയും ചേര്‍ത്തും ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാം. അര ലിറ്റര്‍ വെള്ളം ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞതിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക കാല് കപ്പ് നാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കുക. കുറഞ്ഞ ചൂടില്‍ 5 മിനിറ്റു കൂടി തിളപ്പിയ്ക്കുക. ഇതില്‍ വേണമെങ്കില്‍ അല്പം തേന്‍ ചേര്‍ക്കാം. ഇത് ദിവസവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം.
ഇഞ്ചി, കറുവാപ്പട്ട, തൈര് എന്നിവ കലര്‍ന്ന മിശ്രിതവും മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയും 1 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ദിവസവും കഴിയ്ക്കാം. മലബന്ധം അകലും.
ഇഞ്ചി, ഏലയ്ക്ക, കുരുമുളക് എന്നിവയടങ്ങിയ മിശ്രിതം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇഞ്ചി, ഏലയ്ക്ക, കുരുമുളക് എന്നിവ പൊടിയ്ക്കുക. ഉണക്കിയ ഇഞ്ചി ഉപയോഗിയ്ക്കാം. ഈ പൊടി 1 ടേബിള്‍ സ്പൂണ്‍ വീതം വെള്ളത്തില്‍ കലക്കി കുടിയ്ക്കാം.എന്നാല്‍ ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം.
