ചീസ് ശരീരത്തിന് ഗുണമോ? ദോഷമോ?

വണ്ണം കൂട്ടുമെന്ന പേരില്‍ ചീസിനെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നവരുണ്ട്. എന്നാല്‍ കൊഴുപ്പില്ലാത്തതും കുറഞ്ഞ കൊഴുപ്പോടു കൂടിയതുമായ ചീസ് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഇവയിലുള്ള കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് വളരെ പ്രധാനമാണ്. കാല്‍സ്യത്തിന് പുറമെ, സോഡിയം, വിറ്റാമിന്‍, മിനറല്‍സ് എന്നിവയും ചീസില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അകറ്റി നിര്‍ത്തുന്നതിനും ചീസ് സഹായിക്കും. ചീസ് എന്നു പറഞ്ഞാണ് നാം വാങ്ങുന്നതെങ്കിലും ഇതില്‍ തന്നെ വിവിധ തരങ്ങള്‍ ലഭ്യമാണ്. ഇവയോരോന്നിന്റേയും ഗുണവും വ്യത്യസ്തമാണ്.

ചീസ് ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും പലര്‍ക്കും സംശയമുണ്ട്. തടി വയ്ക്കുമെന്ന് പേടിച്ച് പലരും ചീസ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്.

ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നു പറയുന്നത്. എന്നാല്‍ ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. വളരെ സുരക്ഷിതമായി വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു ഭക്ഷണം. ചീസില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. കോട്ടേജ് ചീസ്, ഗോഡ, വൈറ്റ് ചെദാര്‍ ചീസ് , ഇറ്റാലിയന്‍ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്.

കോട്ടേജ് ചീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതാണ്. ഇറച്ചിക്ക് പകരം പോലും ഇവ ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവ ചേര്‍ന്നതാണ് ഗോഡ ചീസ്. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഇത് നല്ലതാണ്. സാന്‍ഡ്‌വിച്ച്, ബര്‍ഗര്‍ എന്നിവയില്‍ കൂടുതലായി കാണപ്പെടുന്ന ചീസാണ് വൈറ്റ് ചെദാര്‍ ചീസ്. പിസ, പാസ്ത, സാലഡ് എന്നിവയില്‍ സാധാരണ ഉപയോഗിക്കുന്ന ചീസാണ് മൊസാറെല്ല ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ചീസ്.

ചീസ് കഴിച്ചാലുള്ള ഗുണങ്ങള്‍

1. കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതല്‍ ഗുണം ചെയ്യും.

2. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു. അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ചീസ് ഏറെ നല്ലതാണ്.

3. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം നല്‍കുന്നു. കാത്സ്യവും മിനറല്‍സും ധാരാളം അടങ്ങിയ ഒന്നാണ് ചീസ്.കുട്ടികള്‍ക്ക് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് ചീസ്.

4.ചീസ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും.ജിമ്മില്‍ പോകുന്നവര്‍ ചീസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *