വൈദ്യശാസ്ത്രത്തിലെ പുരോഗമനത്തോടെ ഓസ്റ്റിയോപൊറോസിസും അതുമൂലം ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും ഇപ്പോള്‍ കഴിയും. എങ്കിലും രോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശങ്കകള്‍ ഏറെയാണ്.
പ്രായം ഏറുന്നത് കൊണ്ടും ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ
വിരാമത്തിനുശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നത്. എഴുപതു വയസ്സിനു ശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടിയാകുന്നു.
വൃക്കരോഗം, കരള്‍ രോഗം, വിറ്റാമിന്‍ ഡി യുടെ കുറവ് തുടങ്ങി ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകള്‍ മൂലം എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്നതാണെങ്കിലും പല കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് കൊണ്ടുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യക്കാരിലും ആണ് അധികമായി കാണുന്നത്.
നിലവില്‍ ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെയാണ് ഓസ്റ്റിയോപൊറോസിസ് ബാധിച്ചിട്ടുള്ളത്. ഇവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്. ഇപ്പോള്‍ മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നം ഹൃദ്രോഗമാണെങ്കില്‍, ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.
കാരണങ്ങളും ലക്ഷണങ്ങളും
പ്രായാധിക്യം, വിറ്റാമിന്‍ ഡി, കാത്സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീന്‍, മദ്യം, പുകവലി, നിഷ്ക്രിയമായ ജീവിതശൈലി എന്നിവയെല്ലാം ഈ രോഗം പിടിപെടാനുള്ള സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു. തൈറോക്സിന്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിന്‍, ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസിനു കാരണമാകുന്നു.
ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. നേരിയ നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞുപോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.
രോഗനിര്‍ണയവും പ്രതിരോധവും
ഡ്യുവല്‍ എനര്‍ജി എക്സ്-റേ അബ്സോര്‍പിയോമെട്രി (ഉഋതഅ), സ്കാനിംഗ്, 65 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളെയും ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും ഡെക്സ സ്കാനിന് വിധേയരാക്കാന്‍ ആരോഗ്യ സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നു. എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാന്‍ ശുപാര്‍ശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലന്‍സ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തി വീഴ്ചകളും ഒടിവുകളും തടയാം.
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും. നിലവില്‍ അസ്ഥി രോഗ ചികിത്സയില്‍ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്സേഷന് ടെക്നിക്കുകളുമുണ്ട്, അതിനാല്‍ ഓസ്റ്റിയേപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകള്‍ മികച്ച രീതിയില്‍ ഓപ്പറേഷന് ചെയ്ത് ഉറപ്പിക്കാനും ഉടന്‍ തന്നെ രോഗിക്ക് നടക്കാനും സാധിക്കും .നിര്‍ഭാഗ്യവശാല്‍, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകള്‍ പലതും തടയാന്‍ കഴിയും. ഓര്‍ക്കുക, ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്!
