ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്.കൂടാതെ ഉലുവയില ഏത് ഇലക്കറികളേയും പോലെ തന്നെ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഉലുവ മുളപ്പിക്കുന്നത് നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ചട്ടിയിലോ പ്‌ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം.ഒരു കിലോ ചകിരി കമ്പോസ്റ്റും ഒരു കിലോ മണലും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷി ചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്ത പാളി മണല്‍ അതിനു മുകളിലായി വിതറണം. നേരിയ തോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10-ാം ദിവസം മുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.
എന്തുകൊണ്ട് ഉലുവ വെള്ളം രാവിലെ കുടിക്കണം ?
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങള്‍. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉലുവ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.
ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്.ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാന്‍ ഉലുവ സഹായിക്കുന്നു.
