ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം (Jaundice). ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ നിരവധിയാണ്.
കരളിനു വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗത്തെ മഞ്ഞപ്പിത്തം എന്ന് പേരിട്ട് വിളിക്കുന്നു.ഈ രോഗാവസ്ഥ ആയുർവേദത്തിൽ ‘മഞ്ഞകാമല എന്ന പേരിലാണറിയപ്പെടുന്നത്.
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അത് പിത്താശയത്തിൽ സംഭരിക്കുകയും ചെയ്യുന്നു. അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന് നിറം നൽകുന്ന ബിലിറൂബിൻ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്. ഇതിൽ കൂടുതലായി ബിലിറൂബിൻ രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു.
ലക്ഷണങ്ങൾ
കണ്ണുകളിൽ വെളുത്ത ഭാഗത്ത് (നേത്രാവരണം, conjunctiva) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു.ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.
