സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് തൈറോയ്ഡ് വീക്കം . ഇതുമൂലം ഗർഭ ധാരണത്തിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു .കഴുത്തിന് താഴ്ഭാഗത്ത് ശബ്ദനാളത്തിന് മുമ്പിലായി കാണുന്ന അന്തസ്രാവി ഗ്രന്ധിയാണ് തൈറോയ്ഡ്. മനുഷ്യ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന തൈറോക്സി ൻ, കാൽസിടോണിൻ എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ വളർച്ചയെ നിയന്ത്രിക്കുന്ന ഈ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് തൈറോയ്ഡ് രോഗത്തിന് പ്രധാന കാരണം. തൈറോയ്ഡിന്റെ കുറവ് മൂലം ഹൈപ്പോ തൈറോയ്ഡിസവും കൂടുതലായാൽ ഹൈപ്പർ തൈറോയ്ഡിസവും ഉണ്ടാകുന്നു.
ഹൈപ്പർ തൈറോയ്ഡിസം
തൈറോയ്ഡ് ഹോർമോൺ കൂടിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. 20നും 50നും ഇടയിലുളള സ്ത്രീകളിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. പാരമ്പര്യ രോഗമായും വരാം. തൈറോയ്ഡ് ഹോർമോൺ കൂടിയ അവസ്ഥയിൽ കാഴ്ച നഷ്ടപ്പെട്ട് ശരീരം ശോഷിച്ച് പോകും. ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും.
ശരീരം മെലിയുക, അമിത വിയർപ്പ്, അമിത വിശപ്പ്, നെഞ്ചിടിപ്പ് വർദ്ധിക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട്, അമിത ക്ഷീണം, മാനസിക സമ്മർദ്ദം, കൈകാൽ വിറയൽ, ഉറക്കക്കുറവ്, ക്രമരഹിതമായ മാസമുറ, കണ്ണ് പുറത്തേക്ക് തളളിവരൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ഹൈപ്പോ തൈറോയ്ഡിസം
തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. ചികിത്സിച്ചില്ലെങ്കിൽ ഹോർമോണിന്റെ അളവ് കുറഞ്ഞ് അവസാനം കോമ അവസ്ഥയിൽ വരെയെത്തും. അയഡിന്റെ അഭാവം, തൈറോയ്ഡൈറ്റിസ് എന്നിവ മൂലമാണ് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകുന്നത്. ജന്മനായുളള ഹൈപ്പോ തൈറോയ്ഡിസം ചികിത്സിച്ചില്ലെങ്കിൽ നവജാതശിശുക്കളിൽ ബുദ്ധിമാന്ദ്യവും വളർച്ച മുരടിക്കലുമുണ്ടാവും. 40 വയസിന് മുകളിലുളള സ്ത്രീകളിലാണ് പ്രധാനമായും ഹൈപ്പോ തൈറോയ്ഡിസം കണ്ടുവരുന്നത്.
അമിതക്ഷീണം, അമിത വണ്ണം, മുഖത്തും കൈകാലുകളിലും നീർവീക്കം, ശരീരം തണുക്കൽ, ക്രമരഹിതമായ ആർത്തവം, മാനസിക സമ്മർദ്ദം, വിഷാദം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
തൈറോയിഡൈറ്റിസ്
ഹൈപ്പോതൈറോയ്ഡിസത്തിന്റെ ഒരു പ്രധാന കാരണമാണ് തൈറോയിഡൈറ്റിസ്. തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി കഴുത്തിൽ മുഴയായി വളർന്നു വരുന്നു. അയഡിന്റെ കുറവും തൈറോയിഡൈറ്റിസ് മൂലവും ഗോയിറ്റർ ഉണ്ടാകാം. അപൂർവം ചിലരിൽ കാൻസറാകാനും സാദ്ധ്യതയുണ്ട്.
ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ഒരു പ്രധാന കാരണമാണ് ഗ്രേവ്സ് ഡിസീസ്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ തൈറോയിഡിന്റെ പ്രവർത്തനത്തെ കൂട്ടുകയും ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. രോഗം കൂടി കണ്ണിനെ ബാധിച്ച് കണ്ണുതളളി വരുന്നു.
രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് പലരും ചികിത്സ തേടിയെത്താറുളളത്. ആരംഭഘട്ടത്തിലെ രോഗ നിർണയം നടത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് തൈറോയിഡ് രോഗങ്ങൾ
