ബീറ്റ്‌റൂട്ട് കൃഷി ഗ്രോബാഗിലും.! അറിയാം ഗുണങ്ങൾ

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങ് വര്‍ഗമാണ് ബീറ്റ്‌റൂട്ട്. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം.

നല്ല ഇളക്കമുള്ള മണ്ണാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യാന്‍ ആവശ്യം. വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പാകുന്നതിന് 10-30 മിനിറ്റ് മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. ഒരു സെന്റ് കൃഷിക്ക് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. പൊടിമണ്ണാക്കിയ സ്ഥലത്താണ് വിത്ത് പാകേണ്ടത്. ഒരു സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കേണ്ടതാണ്. നേരിയ ഉയരത്തില്‍ നന്നായി കിളച്ചൊരുക്കിയ തടസങ്ങളുണ്ടാക്കി അതില്‍ വിത്ത് പാകാം. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് കവറിലോ ചട്ടികളിലോ വിത്ത് പാകി ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. വിത്ത് പാകിയ ശേഷം അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം.

ഓഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസമാണ് ബീറ്റ്‌റൂട്ട് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മറ്റ് കാലങ്ങളില്‍ മഴമറയിലും കൃഷി ചെയ്യാം.

ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങൾ…

1. ബീറ്റ്‌റൂട്ട്‌ അയണിന്റെ മികച്ച കലവറയാണ്‌. അതിനാൽ അയണ്‍ ഹീമോഗ്‌ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളർച്ചയുണ്ടാകുന്നത് തടയുന്നു.
2. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക്‌ ആസിഡ്‌ വളരെ അത്യാവശ്യമാണ്‌. ബീറ്റ്‌റൂട്ടില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്‌നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ കൂടിയേ തീരൂ.
3.ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്‌, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.
4. ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ദോഷകരമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
5. ബീറ്റ്‌റൂട്ടിന്‌ കടുംചുവപ്പ്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍ ആണ്‌. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. ഇത്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം കുറയ്‌ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത്‌ തടയുകയും ചെയ്യും. ഇത്‌ ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്‌ക്കുന്നു.
6.ബീറ്റ്‌റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്‌. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത്‌ കാത്സ്യമാണ്‌.
7.പ്രമേഹ രോഗികള്‍ക്ക്‌ മധുരത്തോട്‌ ആസക്തി തോന്നുന്നത്‌ സാധാരണയാണ്‌. ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്‌. ബീറ്റ്‌റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ്‌ തീരെയില്ല.
8.ബീറ്റ്‌റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്‌റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ അത്‌ നിങ്ങള്‍ക്ക്‌ നവോന്മേഷം നല്‍കും.
9.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.
10. ചർമ്മ പ്രശ്നങ്ങൾ,ഡാർക് സ്പോർട്സ് എന്നിവ അകറ്റാൻ ബീറ്റ്‌റൂട്ട്‌ വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നൽകുന്നു

 

Leave a Reply

Your email address will not be published. Required fields are marked *