കഴിച്ചോളൂ, കഴിച്ചോളൂ.. ഏത്തപ്പഴം ചില്ലറക്കാരനല്ല.!

എല്ലായിപ്പോഴും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് ഏത്തപ്പഴം. ദിവസവും വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളേറെയാണ്. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തെ സംരക്ഷിക്കാന്‍ ഉത്തമമാണ്. ഏത്തപ്പഴത്തിന്റെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

ഊര്‍ജം വര്‍ധിപ്പിക്കുന്നു

100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. കഴിച്ചയുടന്‍ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഊര്‍ജമായി മാറുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് തുടര്‍ച്ചയായി ഊര്‍ജം തരുമ്പോള്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നു. രണ്ട് ഏത്തപ്പഴം കഴിച്ചാല് ഒന്നര മണിക്കൂര് വ്യായാമത്തിനുളള ഊര്‍ജം നേടാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കാം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക് എന്നിവ വരാതെ സൂക്ഷിക്കാനും ഏത്തപ്പഴം സഹായിക്കും. ഏത്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവായതും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായതും കൊണ്ടാണിത്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

കാന്‍സര്‍ സാധ്യത കുറയ്ക്കും

വൃക്കകള്‍, കുടലുകള്‍ എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമാണെന്നാണ് പഠനനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അതിലുളള ആന്റി ഓക്‌സിഡന്റ്് ഫീനോളിക് സംയുക്തങ്ങള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മത്തിന്റെ ഇലാസ്തിക നിലനിര്‍ത്തുന്നതിന് സഹായകമായ വിറ്റാമിന് സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്റി ഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്നു ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മ്മത്തിന്റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ഇത് വരണ്ട് പാളികളായി അടരാതെ ചര്‍മ്മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിന് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *